തിരുവനന്തപുരം: സ്വന്തം പറമ്പിലെ പൊന്തക്കാടുകളും പുല്ലും വെട്ടിതെളിയിക്കാന്‍ മടി കാട്ടുന്ന സ്ഥലമുടമകള്‍ക്കെതിരെ നടപടി വരുന്നു. കേരളത്തിലാണ് ഇതിനെതിരെ നടപടി വരുന്നത്. പറമ്പ് വൃത്തിയാക്കിയില്ലെങ്കില്‍ സ്ഥലം ഉടമയ്‌ക്കെതിരെ തദ്ദേശസ്വയംഭണ സ്ഥാപനങ്ങള്‍ക്ക് നടപടിയെടുക്കാം. ആള്‍പാര്‍പ്പില്ലാത്തതും കാട് പിടിച്ചു കിടക്കുന്ന കെട്ടിടമോ, കാടുപിടിച്ചുകിടക്കുന്ന പറമ്പോ വൃത്തിയാക്കുന്നതിന് ഉടമസ്ഥനോട് രേഖാമൂലം ആവശ്യപ്പെടാമെന്നും, അനുസരിക്കാത്ത പക്ഷം ഇത്തരം ജോലികള്‍ സെക്രട്ടറിയുടെ മേല്‍ നോട്ടത്തില്‍ നടത്താമെന്നും അതിന് വരുന്ന ചെലവുകള്‍ ഉടമയില്‍ നിന്ന് ഈടാക്കാമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.
തൃശൂര്‍ ജില്ലയിലെ പൊയ്യ സ്വദേശിയായ കെ ഐ ബിനോയ് നല്‍കിയ ഹര്‍ജിയില്‍ ഉണ്ടായ ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ ഉത്തരവ്. അയല്‍പക്കത്തെ പരിപാലിക്കാതെ കാടുകയറി കിടന്ന പറമ്പില്‍ നിന്നുമുള്ള പാമ്പുകടിയേറ്റ് മൂന്നു വയസുകാരി മരിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2021 മാര്‍ച്ച് മാസത്തിലാണ് ദാരുണസംഭവം നടന്നത്. പൊന്തക്കാട്ടില്‍ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെ ഐ ബിനോയിയുടെയും ലയ ജോസിന്റെയും മകള്‍ ആവ്റിന്‍ മരണപ്പെടുന്നത്. അതിന് മുമ്പ് തന്നെ പല പ്രാവശ്യം പറമ്പ് ഉടമകളോട് അടിക്കാട് വെട്ടി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടും വൃത്തിയാക്കാതിരുന്നത് മൂലം സ്ഥലം പാമ്പുകളുടെ താവളമാകുകയായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകള്‍ വളര്‍ന്നാല്‍ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയില്‍നിന്ന് വാങ്ങാന്‍ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍ക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്.