കൊച്ചി: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൊച്ചിയില്‍ പിടിച്ചെടുത്ത രാസലഹരിക്കു പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രീകൃതമായ തീവ്രവാദികളാണോയെന്ന് സംശയം ബലപ്പെടുന്നു. പിടികൂടിയ ബാഗുകളില്‍ മുദ്ര ചെയ്തിട്ടുള്ള ചിഹ്നങ്ങള്‍ രാജ്യ വിരുദ്ധ പ്രവൃത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘങ്ങളുടേതാണെന്നാണ് എന്‍സിബിയുടെ വിലയിരുത്തല്‍. അതേസമയം 25000 കോടിയുടെ രാസ ലഹരി പിടിച്ചെടുത്ത കേസില്‍ എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡും എന്‍സിബിയോട് വിവരങ്ങള്‍ തേടി. പിടിയിലായ പാകിസ്ഥാന്‍ പൗരനെ എന്‍സിബി ചോദ്യം ചെയ്തു.
Read Also: മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു: യാത്രക്കാരന്‍ അറസ്റ്റില്‍
25000 കോടിയുടെ മെത്താഫെറ്റമിന്‍ ഉള്‍പ്പെടെയുള്ള രാസലഹരിയാണ് ഓപ്പറേഷന്‍ സമുദ്ര ഗുപ്തയുടെ ഭാഗമായി നേവിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി കൊച്ചിയില്‍ പിടികൂടിയത്. ഇറാന്‍ ,പാകിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍ പോര്‍ട്ടുകളിലെ ലഹരി കടത്തു സംഘങ്ങളാണ് വ്യാപകമായി മദര്‍ ഷിപ്പ് വഴി പാക്കറ്റുകളിലാക്കി ലഹരി കടത്തിയതെന്നാണ് എന്‍സിബി യുടെ കണക്കുകൂട്ടല്‍. മൂന്ന് മദര്‍ ഷിപ്പുകളിലായി ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് തീരങ്ങളിലേക്കാണ് ഇവ നീങ്ങിയത്. ഇതില്‍ ഒരു ഷിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.