ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി വർഗീസ് എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അയോഗ്യരാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ഏപ്രിൽ 4 മുതൽ ആറു വർഷത്തേക്കാണ് വിലക്ക്.

 

തിടനാട് ഗ്രാമപഞ്ചായത്തിൽ 2015 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സാബു ജോസഫ് നാലാം വാർഡിൽ നിന്നും, ഉഷ ശശി പതിനാലാം വാർഡിൽ നിന്നും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ചിരുന്നു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ 2018 മേയ് 15 ന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ വിപ്പ് ലംഘിച്ച് പങ്കെടുത്തതിനാലാണ് അയോഗ്യത. തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം മിനി സാവിയോ ഫയൽ ചെയ്ത കേസിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.

ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 2020 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സജി വർഗീസ് രണ്ടാം വാർഡിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2020 ഡിസംബർ 30 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിനാലാണ് അയോഗ്യത കൽപ്പിച്ചത്. ചിറ്റാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം എ ബഷീർ സമർപ്പിച്ച പരാതിയിലാണ് നടപടി.

Previous Post Next Post

نموذج الاتصال