കൊച്ചി: ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദ് സുലൈമാന്റെ സംഗീത പരിപാടി നടന്നിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് നടൻ സലിംകുമാര്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
‘ഞങ്ങളുടെ അമ്പലം’ എന്ന സമദിന്റെ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത് എന്നാണ് സലിം കുമാര്‍ പറഞ്ഞത്. ‘സമദ് എന്നോട് പറഞ്ഞത്, ‘ചേട്ടാ ഞങ്ങളുടെ അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാന്‍ പറ്റുമോ?’ എന്നാണ് ചോദിച്ചത്, ആ ഞങ്ങളുടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, കാരണം സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്. ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി’- സലിംകുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സലിം കുമാറിന്റെ ഈ വാക്കുകൾ.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘കലാകാരനെന്ത് മതം… മനുഷ്യനെന്ത് മതം …. ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്… ഏലൂര്‍ മുരുകന്‍ അമ്പ ലത്തിലെ ഉത്സവത്തോട് അനുബന്ധിച് സമദ്സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ മ്യൂസിക് പരിപാടിയിലാണ് ഇന്നിന്റെ കാലത്തിന് ഏറെ പ്രസക്‌തമായ വാക്കുകള്‍ സലീംകുമാര്‍ സംസാരിച്ചത്’.- എന്ന കുറിപ്പിലാണ് നടന്‍ നിര്‍മല്‍ പാലാഴി വീഡിയോ പോസ്റ്റ് ചെയ്തത്.