തിരുവനന്തപുരം : വെള്ളനാട് കിണറ്റില്‍ കരടി ചത്ത സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാന്‍ കാരണമെന്നാണ് ഹര്‍ജിയിലെ വാദം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വെടിവെച്ച വെറ്റിനറി സര്‍ജന്‍ അടക്കമുള്ളവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയിലുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കെസി സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കും.
Read Also: ബൈക്ക് ടാക്‌സിയിൽ വെച്ച് ലൈംഗിക അതിക്രമം: ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ട് യുവതി
കരടി ചത്തതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കണ്ടെത്തല്‍. നേരത്തെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രാഥമിക റിപ്പോര്‍ട്ട് വനം മന്ത്രിക്ക് നല്‍കിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെയും ഉള്ളടക്കം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ഡിഎഫ്ഒയ്ക്കും മെമ്മോ നല്‍കുന്നതിന് അപ്പുറം കാര്യമായ നടപടികള്‍ക്ക് സാധ്യതയില്ല.