മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം, കരളിൽ നീർ കുമിളകൾ കാരണമുണ്ടാകുന്ന ചില രോഗങ്ങൾ, ഉപാപചയ തകരാറുകളും ഗ്ലൈക്കോജൻ സംഭരണത്തിലെ പ്രശ്നങ്ങളും കാരണമുണ്ടാകുന്ന രോഗങ്ങൾ, ശരീരത്തിൽ ചെമ്പിന്റെ അളവ് ക്രമാതീതമായി വർധിക്കുന്ന വിൽസൺസ് രോഗം, ഗ്ലൈക്കോജൻ (അന്നജം) സ്റ്റോറേജ് രോഗങ്ങൾ എന്നിവ ഇതിൽപെടും.
കുട്ടികളിൽ മഞ്ഞപ്പിത്തം പല തരത്തിലുണ്ടാവാം. ചുവന്ന രക്താണുക്കൾ ക്രമാതീതമായി നശിക്കുമ്പോൾ രക്തത്തിൽ ബിലുറൂബിൻ അളവ് കൂടുന്നു. ആർ.എച്ച്, എ.ബി.ഒ ഇൻകോംപിറ്റബിലിറ്റി എന്ന സ്ഥിതി കാരണം നവജാതശിശുവിലും ഈ അവസ്ഥ ഉണ്ടാകാം. കരളിനെയും പിത്തക്കുഴലിനെയും ബാധിക്കുന്ന രോഗങ്ങളാണ് കോൺജുഗേറ്റഡ് ഹൈപ്പർബിലിറുബിനീമിയ. കോൺജുഗേറ്റഡ് ജോണ്ടിസിന് ഇത് കാരണമാകുന്നു.
കുട്ടികളിലെ കരൾരോഗങ്ങളിൽ ഹെപ്പറ്റൈറ്റിസാണ് പ്രധാനം. അക്യൂട്ട് (പെട്ടെന്നുണ്ടായി തീവ്രസ്ഥിതിയിൽ എത്തുന്ന), ക്രോണിക് (പഴക്കം ചെന്ന കരൾവീക്കം) എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് രണ്ടുതരത്തിലുണ്ട്. എ, ഇ എന്നിവ അക്യൂട്ട് വിഭാഗത്തിൽ പെടും.
സർവസാധാരണമായി കാണപ്പെടുന്ന കരൾവീക്കമാണിത്. രോഗാണുകലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നു. രോഗബാധിതരുടെ മലത്തിലൂടെയാണ് പലപ്പോഴും വെള്ളവും അതുപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണവും മലിനമാക്കപ്പെടുന്നത്.
പനിയും മഞ്ഞപ്പിത്തവും ചുരുക്കം ചില കുട്ടികളിൽ കരൾ പ്രവർത്തനരഹിതമാകാൻ കാരണമായേക്കാം. ഹെപ്പറ്റൈറ്റിസ് എയ്ക്ക് പ്രതിരോധകുത്തിവെപ്പ് ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ഇ
ഇത് അത്രതന്നെ സാധാരണമല്ല. ഹെപ്പറ്റൈറ്റിസ് എയുടെപോലെത്തന്നെ അത് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി
ദീർഘകാല മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസ് പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് ബി പ്രധാനമായും രോഗബാധിതയായ അമ്മയിൽനിന്ന് ജനനസമയത്താണ് പകരുന്നത്. വളരെ നേരത്തേതന്നെ കുഞ്ഞിന് വൈറസ് ബാധ വരുന്നതിനാൽ ക്രോണിക് ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരളിലെ കാൻസർ എന്നിവയ്ക്ക് ഇത് വഴിയൊരുക്കാം. ചിലപ്പോൾ ഈ കുട്ടികൾ നിശ്ശബ്ദരായ അണുവാഹകർ ആവാനും സാധ്യതയുണ്ട്. അതുവഴി രോഗത്തിന്റെ സമൂഹവ്യാപനത്തിനും ഇടവരുന്നു.
ചില കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുമ്പോൾ തന്നെ തീവ്ര ലക്ഷണങ്ങൾ പ്രകടമാകും. തലകറക്കം, ഛർദി, വിശപ്പില്ലായ്മ, കടുംനിറത്തിലുള്ള മൂത്രം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളിൽ അത് ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.
അമ്മ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതയാണെങ്കിൽ പ്രസവസമയത്ത് കുഞ്ഞിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. കുഞ്ഞ് ജനിച്ചയുടനെ ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണോ ഗ്ലോബുലിൻ എന്ന ഇൻജക്ഷനും തുടർന്ന് മൂന്ന് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഡോസുകളും എടുക്കേണ്ടതാണ്. ഇതിലൂടെ കുഞ്ഞിലേക്കുള്ള സംക്രമണവും ഭാവിപ്രശ്നങ്ങളും തടയാം.
ഹെപ്പറ്റൈറ്റിസ് സി
കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് സി ബാധ താരതമ്യേന കുറവാണ്. എങ്കിലും ഈ അണുബാധ നീണ്ടുനിൽക്കുന്ന മഞ്ഞപ്പിത്തം, സിറോസിസ് എന്നിവയിലേക്കു നയിച്ചേക്കാം. രോഗബാധിതയായ അമ്മയിൽനിന്നും രക്തത്തിലൂടെ അല്ലെങ്കിൽ ഡയാലിസിസ്, രോഗാണു കലർന്ന രക്തത്തിന്റെ സാന്നിധ്യമുള്ള ടൂത്ത് ബ്രഷ്, നെയിൽ ക്ലിപ്പർ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് സി പകരാം.
ഭൂരിഭാഗം കുട്ടികളിലും രോഗം നിശ്ശബ്ദമാണ്. ചില കുട്ടികളിൽ അത് ഗുരുതര സങ്കീർണതകൾ ഉണ്ടാക്കുന്നു. പനി, മഞ്ഞപ്പിത്തം, സന്ധിവേദന, ഛർദി, വയറുവേദന എന്നിവ രോഗലക്ഷണങ്ങളാണ്.
ഹെപ്പറ്റൈറ്റിസ് സി ആന്റിബോഡി ടെസ്റ്റ്, എച്ച്.സി.വി ആർ.എൻ.എ ടെസ്റ്റ്, എച്ച്.സി.വി ജീനോടൈപ്പ് ടെസ്റ്റ് (അണു ഏതു തരത്തിൽപ്പെട്ടതാണ് എന്നറിയുന്നതിനുള്ള ടെസ്റ്റ്) എന്നിവയിലൂടെ രോഗം കണ്ടെത്താം.