
കൊച്ചി: ബ്രഹ്മപുരത്തെ വിഷപ്പുക ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഒരാഴ്ച ആയിട്ടും തീ അണയ്ക്കാനോ പുക ഇല്ലാതാക്കാനോ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ, സർക്കാരിനെ വിമർശിച്ച് ജിതിൻ കെ ജേക്കബ് രംഗത്ത്. കൊച്ചി കേരളത്തിൽ ആയിപ്പോയി, അത് വല്ല ഉത്തർ പ്രദേശിലേക്കോ, ഗുജറാത്തിലേക്കോ മാറ്റിയിരുന്നു എങ്കിൽ കേരളം ഇളകിയേനെയെന്നും ജിതിൻ പരിഹസിക്കുന്നു.
‘അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും. പിന്നെ എന്തിനാണ് പേടിക്കുന്നത്?
ഇത് കഴിഞ്ഞാൽ കൊച്ചി നഗരത്തെ വിഷപ്പുകയിൽ നിന്ന് രക്ഷിച്ച പിണറായി സഖാവിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നഗരം മുഴുവൻ ഫ്ലെക്സുകൾ വെയ്ക്കാം, എല്ലാവർക്കും കൂടി നന്മയുള്ള ലോഹമേ പാട്ട് പാടാം, മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് പഠിക്കാൻ കുടുംബസമേതം യൂറോപ്പിലോ അമേരിക്കയിലോ പോകാൻ പോകുന്ന മുക്കിയനും കുടുംബത്തിനും ആശംസകൾ അർപ്പിച്ച് ബാനർ ഉയർത്താം. പക്ഷെ ഇപ്പോൾ ഇതിൽ നിന്നൊരു മോചനം ആണ് വേണ്ടത്. ജനം വിഷ പുക ശ്വസിച്ച് നരകിക്കുന്നു. കൊച്ചി നഗരം എന്നത് ‘നരകം’ ആയി മാറി’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ജിതിൻ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള കൊച്ചി നഗരം നിന്ന് പുകയാൻ തുടങ്ങിയിട്ട് ഒരാഴ്ചയ്ക്ക് മുകളിൽ ആയി. ജനം ഗ്യാസ് ചേമ്പറിൽ അകപ്പെട്ടത് പോലെ വിഷം ശ്വസിച്ചു നരകിക്കുന്നു. വിഷപ്പുക അടുത്ത ജില്ലകളിൽ വരെ എത്തി.
ആണവ ബോംബിനു തുല്യമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്, ഇതിന്റെ ദുരിതം അവിടുത്തെ ജനതയെ ജീവിതകാലം മുഴുവൻ വേട്ടയാടാം എന്നും, എന്തിനേറെ അടുത്ത തലമുറകൾക്ക് പോലും ദോഷം ചെയ്തേക്കാം എന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
പക്ഷെ ആ നഗരത്തിലെ ജനതയെ കുറിച്ച് ആർക്കും ഒരു ആകുലതയും ഇല്ല എന്നാണ് പ്രതികരണങ്ങൾ കാണുമ്പോൾ മനസിലാകുന്നത്. കൊച്ചി കേരളത്തിൽ ആയിപ്പോയി, അത് വല്ല ഉത്തർ പ്രദേശിലേക്കോ, ഗുജറാത്തിലേക്കോ മാറ്റിയിരുന്നു എങ്കിൽ കേരളം ഇളകിയേനെ. ഇതിപ്പോൾ ആകെ നിശബ്ദതയാണ്. അപകടമാണെങ്കിലും, അട്ടിമറി ആണെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ട് പോലും പരിഹാരം കാണാൻ പറ്റിയിട്ടില്ല. ഇന്ന് തീരും, നാളെ തീരും എന്ന് പറയുന്നത് അല്ലാതെ എന്ന് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് ഒരു നിശ്ചയവും ഇല്ല എന്നതാണ് വാസ്തവം.
കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കം പോലെ മനുഷ്യ നിർമിത ദുരന്തമാണ് ഇതും. അഴിമതി വരുത്തിവെച്ച ദുരന്തം.
കോർപറേഷനും, സംസ്ഥാനവും ഭരിക്കുന്നത് ഇടത്പക്ഷം ആയത് കൊണ്ട് മാധ്യമങ്ങൾ ന്യായീകരണ തൊഴിലാളികളുടെ വേഷത്തിൽ കിടന്ന് ന്യായീകരണം ആണ്. ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു എന്ന് ഡൽഹിക്കാർക്ക് വേണ്ടി അലറി വിളിച്ച ചാനൽ ജഡ്ജിമാരെ കാണാനില്ല. അവർക്ക് എറണാകുളം നഗരത്തിലെ ഏകദേശം 10 ലക്ഷം വരുന്ന ജനതയുടെ ദുരിതം കാണാൻ താൽപ്പര്യം ഇല്ല, അല്ലെങ്കിൽ കണ്ടില്ല എന്ന് നടിക്കുന്നു.
വിഷപ്പുക ദുരന്തം ചർച്ച ആകരുത് എന്നത് സർക്കാരിനും, മാധ്യമങ്ങൾക്കും നിര്ബന്ധമാണ്. അതുകൊണ്ട് അവർ വേറെ വിവാദങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ അവർ സ്വപ്നയുടെ പുറകെയാണ് ഇപ്പോൾ. ദുരന്തേട്ടന്മാരെ കാണാനില്ല, പരിസ്ഥിതി പ്രവർത്തകരും, ബുദ്ധിജീവികളും, സാംസ്‌കാരിക നായകരും ഒളിവിൽ പോയി. ബ്രസീലിലെ ആമസോൺ വനം കത്തിയപ്പോൾ കേരളത്തിൽ ഉണ്ടായ പ്രതികരണങ്ങളുടെ 1% പോലും കൊച്ചിയുടെ കാര്യത്തിൽ ഉയരുന്നില്ല. എഴുത്തുകാർക്ക് ആർക്കും ഇപ്പോൾ പുളിച്ച സാഹിത്യം ഒന്നും വാരി വിതറേണ്ട.
ആരെയും കാണുന്നില്ല, ആർക്കും ഒരു ഉത്തരവും നൽകാനുമില്ല. സ്വയം രക്ഷപെടുക എന്നത് മാത്രമാണ് മാർഗം.
മാലിന്യ സംസ്‌ക്കരണത്തിന് ഇന്ത്യയിൽ തന്നെ എത്രയോ മികച്ച മാതൃകകൾ ഉണ്ട്. അതൊക്കെ നടപ്പാക്കാൻ ഇത്രയും ചെലവും ഇല്ല. പക്ഷെ അഴിമതിക്ക് അവസരം ഇല്ല എന്നതാണ് പ്രശ്നം. ഇത്രയും വിഷാശം നിറഞ്ഞ അന്തരീക്ഷം കൊച്ചിയുടെ ഭാവി വികസനസാധ്യതകളെ പോലും ബാധിച്ചേക്കാം. ദുരന്തങ്ങൾ ഉണ്ടാകും, പക്ഷെ അതിനെ എങ്ങനെ നേരിടണം എന്ന് അറിയാത്ത ഭരണ സംവിധാനങ്ങളാണ് നമ്മുടെ ശാപം.
ഇത്രയൊക്കെ ആയിട്ടും ഇമേജ് പോകുമെന്ന് പേടിച്ച് സർക്കാർ കാട്ടിക്കൂട്ടുന്ന ചെറ്റത്തരം ഉണ്ടല്ലോ, അത് നഗരവാസികൾ ഒരിക്കലും മറക്കില്ല. പരീക്ഷ കാലമായതിനാൽ നഗരം വിട്ട് എങ്ങും പോകാനും കഴിവില്ലാത്ത അവസ്ഥ.
ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്ത ഒരു നഗരവാസിയും കൊച്ചിയിൽ ഇല്ല. മുതിർന്നവരുടെ കാര്യം പോട്ടെ, കുഞ്ഞുങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നത്? പരീക്ഷയൊക്കെ ഒരു മാസത്തേക്ക് മാറ്റി വെച്ചുകൂടെ? അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴും ഒരു സൗജന്യ കിറ്റ് കൊടുത്താൽ മലയാളി വോട്ട് ചെയ്തോളും. പിന്നെ എന്തിനാണ് പേടിക്കുന്നത്? ഇത് കഴിഞ്ഞാൽ കൊച്ചി നഗരത്തെ വിഷപ്പുകയിൽ നിന്ന് രക്ഷിച്ച പിണറായി സഖാവിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നഗരം മുഴുവൻ ഫ്ലെക്സുകൾ വെയ്ക്കാം, എല്ലാവർക്കും കൂടി നന്മയുള്ള ലോഹമേ പാട്ട് പാടാം, മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് പഠിക്കാൻ കുടുംബസമേതം യൂറോപ്പിലോ അമേരിക്കയിലോ പോകാൻ പോകുന്ന മുക്കിയനും കുടുംബത്തിനും ആശംസകൾ അർപ്പിച്ച് ബാനർ ഉയർത്താം.
പക്ഷെ ഇപ്പോൾ ഇതിൽ നിന്നൊരു മോചനം ആണ് വേണ്ടത്. ജനം വിഷ പുക ശ്വസിച്ച് നരകിക്കുന്നു. കൊച്ചി നഗരം എന്നത് ‘നരകം’ ആയി മാറി. വെള്ളപൊക്കം വന്നപ്പോൾ ആണ് മനസിലായത് നമുക്ക് അത് നേരിടാൻ ഉള്ള സംവിധാനം ഇല്ല എന്ന്. ഓഖി വന്നപ്പോൾ മനസിലായി അത് എങ്ങനെ നേരിടണം എന്ന് അറിയില്ല എന്ന്. മാലിന്യ സംസ്‌ക്കരണം പണ്ടേ നമുക്ക് അറിയില്ല. അതിനെ കുറിച്ച് പഠിക്കാൻ വിദേശത്തൊക്കെ പോയി നികുതിപ്പണം ധൂർത്ത് അടിച്ചത് മാത്രം ബാക്കി.
ഇപ്പോൾ നമുക്ക് ഇതുപോലെയുള്ള ദുരന്തം നേരിടാനും അറിയില്ല എന്ന് മനസിലായി. കുടുംബസമേതമുള്ള അടുത്ത യൂറോപ്പ്യൻ ട്രിപ്പിന്റെ സ്വപ്നം കാണാതെ ഇതിനുള്ള പരിഹാരം കണ്ടെത്തൂ ഭരണകൂടമേ.