‘കേരളത്തെ പറയിപ്പിക്കരുത്’: ബ്ലാസ്റ്റേഴ്‌സിനെതിരെ പൊട്ടിത്തെറിച്ച് ഛേത്രിയുടെ ഭാര്യ

ന്യൂഡൽഹി: നോകൗട്ട് മത്സരത്തിലെ വിവാദ ഗോളിന്റെ പേരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ. ബ്ളാസ്റ്റേഴ്സ് ആരാധകരെ രൂക്ഷമായി വിമർശിക്കുകയാണ് സോനം ഭട്ടാചര്‍ജി. കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങൾ ലക്ഷ്യം നിറവേറ്റിയെന്ന് ഞാൻ കരുതുന്നു, പകയും വിദ്വേഷവുമെല്ലാം ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ ഗ്രൗണ്ടിൽ തന്നെ തീരണമെന്നും സോനം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ഫുട്ബാള്‍, അഭിനിവേശം, പിന്തുണ എന്നിവക്കിടയില്‍ പരസ്പരം ദയ കാണിക്കാനും മാന്യമായി പെരുമാറാനും നമ്മള്‍ എങ്ങനെ മറന്നു? സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പ് നിറഞ്ഞ കാര്യങ്ങള്‍ കുത്തിവെച്ചതോടെ നിങ്ങള്‍ക്ക് കുടുംബത്തോടെ സമാധാനമായി ഇരിക്കാന്‍ സാധിക്കുന്നുണ്ടാകും. ഞങ്ങളുടെ കുടുംബത്തെ അധിക്ഷേപിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്ന സന്തോഷം നേടിയെന്ന് കരുതുന്നു. ഊഷ്മളതയും ആതിഥ്യമര്യാദയും അറിയുന്നവര്‍ വസിക്കുന്ന മനോഹര സംസ്ഥാനമാണ് കേരളം. ഈ പ്രവര്‍ത്തി കണ്ടതുകൊണ്ടൊന്നും ആ ചിത്രം മാറില്ല. ഫൈനല്‍ വിസില്‍ ഉയരുന്നതോടെ എല്ലാത്തിനും മുകളിലായി ദയയെ പ്രതിഷ്ഠിക്കുക’, ആരാധകരുടെ വിമര്‍ശനത്തിനെതിരെ സോനം കുറിച്ചു.

അതേസമയം, മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പരാതി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളിയിരുന്നു. നിലിവില്‍ ആദ്യ പാദ സെമിയും ജയിച്ച് ഫൈനല്‍ ലക്ഷ്യമിടുകയാണ് ബംഗളൂരു. ഇതിൽ നിരാശരായ ആരാധകർക്ക് മറ്റൊരു അവസരം വന്നിരിക്കുകയാണ്. ബംഗളൂരുവിനോട് പക വീട്ടാൻ ബ്ളാസ്റ്റേഴ്‍സിന് ഒരു അവസരം വന്നിരിക്കുകയാണ്. അടുത്ത മാസം പതിനാറിന് സൂപ്പര്‍ കപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്.

Previous Post Next Post

نموذج الاتصال