
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വിജിലൻസ് പിടിയിൽ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി, അനസ്തേഷ്യ ഡോക്ടർ വീണ വർഗീസ് എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. പ്രദീപ് കുമാർ 3000/- രൂപയും വീണ 2000/- രൂപയുമാണ് കൈക്കൂലി വാങ്ങിയത്.
തൃശൂർ ജില്ലയിലെ, പാവറട്ടി പൂവത്തൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി ഡോക്ടർക്ക് 3000/- രൂപയും, അനസ്തേഷ്യ ഡോക്ടറായ വീണ വർഗീസിന് 2000/- രൂപയും കൈക്കൂലിയായി നൽകണമെന്ന് ഡോക്ടർ പ്രദീപ് വർഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിംപോളിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണി ഒരുക്കി. ഹോസ്പിറ്റലിന് മുന്നിലുള്ള സ്വകാര്യ പ്രാക്ടീസ് ക്ലിനിക്ക് നടത്തുന്ന റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും ഡോക്ടർ വർഗീസ് കോശി 3000/- രൂപയും, തൊട്ടടുത്ത് തന്നെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർ വീണ വർഗീസ് 2000/- രൂപയും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് പരാതിക്കാരന്റെ ഭാര്യയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവം നിർത്തുന്നത്തിലേക്കുള്ള ശസ്ത്രക്രിയയ്ക്ക് (PPS) വിധേയമാക്കിയ സമയത്ത് ഡോക്ടർ. പ്രദീപ് വർഗീസ് കോശി 3000/-രൂപയും, ഡോക്ടർ.വീണവർഗീസ് 2000/- രൂപയും പരാതിക്കാരനിൽ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
Read Also: നവകിരണം: വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ