കേരളം പൊള്ളുന്നു, ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രാലയങ്ങള്‍

 

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. കണ്ണൂരില്‍ താപനില 40ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ചൂടിന്റെ കാഠിന്യം കൂടിയതിന് പിന്നാലെ മുന്‍കരുതലുമായി കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ എത്തിക്കഴിഞ്ഞു. ശരീരത്തില്‍ ജലാംശം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വീട്ടില്‍ തയ്യാറാക്കിയ നാരങ്ങാവെള്ളം, സംഭാരം, ജ്യൂസ് എന്നിവ കുടിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് മധുരപാനീയങ്ങള്‍, ധാരാളം പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഇവയെല്ലാം ഒഴിവാക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ധാരാളം മധുരം അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തില്‍ നിന്ന് കൂടുതല്‍ ദ്രാവകം നഷ്ടപ്പെടാനവും വയറുവേദന പോലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും പഴകിയ ഭക്ഷണവും ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പതിവാക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ഇത്തരം ഭക്ഷണം ദഹിക്കാനും കൂടുതല്‍ സമയമെടുക്കും. ദഹനത്തിന് കൂടുതല്‍ സമയമെടുക്കുന്നത് ശരീരത്തിലെ ചൂട് കൂടാന്‍ കാരണമാകുകയും നിര്‍ജ്ജലീകരണം കൂട്ടുകയും ചെയ്യും. വയറുവേദനയും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാനായി നാരങ്ങാവെള്ളം, ഇളനീര്, സംഭാരം എന്നിവ ചായക്കും കാപ്പിക്കും പകരമായി ഉപയോഗിക്കാം. എരിവുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതിനുപുറമേ അയഞ്ഞ വസ്ത്രം ധരിക്കാനും സുര്യരശ്മികള്‍ നേരിട്ട് ഏല്‍ക്കാതിരിക്കാനും പ്രത്യേക കരുതലെടുക്കണം. വീട്ടിലിരിക്കുമ്പോഴും ജനലുകള്‍ അടച്ച് കര്‍ട്ടനിട്ട് ഇരിക്കുന്നതാണ് നല്ലത്. വൈകുന്നേരങ്ങളില്‍ ഇവ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കണം.

 

 

Previous Post Next Post

نموذج الاتصال