
കൊച്ചി: അടുത്ത ബന്ധുവായ ജിഷ പകുത്ത് നല്‍കുന്ന കരളിന് കാത്ത് നില്‍ക്കാതെ തിരക്കിട്ട യാത്രയായിരുന്നു സുബിയുടെത്. കരൾ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് സുബിക്ക് തന്റെ കരൾ പകുത്തു നൽകാൻ ജിഷ തയ്യാറായിരുന്നു.
എന്നാൽ, ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ ആശുപത്രിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സുബിയുടെ വിയോഗം. സുബി എന്നാൽ തനിക്ക് സഹോദരിയെപ്പോലെ എന്ന് ജിഷ പറയുന്നു. തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിലെ ജീവനക്കാരിയാണ് ജിഷ. കുടുംബത്തിന്റെ പൂർണ്ണപിന്തുണയോടെയാണ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ജിഷ സന്നദ്ധത അറിയിച്ചത്. പ്ലാസ്മ ചികിത്സയെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. നടപടികൾ ആശുപത്രി അധികൃതരും പൂർത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിനൊന്നും കാത്തു നില്‍ക്കാതെ സുബി വിട പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമെന്ന് നടന്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നെന്ന് സുരേഷ് ഗോപി പറഞ്ഞു. അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.