
കോഴിക്കോട്: നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖാണ് പിടിയിലായത്. നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കുട്ടിയും സഹോദരനും ബന്ധുവീട്ടിൽ പോയി മടങ്ങിവരുന്ന വഴി ഇടവഴിയിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളി കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തുകയായിരുന്നു. മുന്നിൽ നടന്നുപോയ അനുജനെ മുഖം പൊത്തി എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നത് പിന്നാലെ വന്ന സഹോദരൻ കണ്ടു. കുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഈ സമയം കുട്ടിയെ ഉപേക്ഷിച്ച് മുസ്താഖ് ഷെയ്ഖ് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ സംഭവം നടന്നതിന് ഒരു കിലോ മീറ്റർ അകലെ വെച്ച് ഇയാളെ കണ്ടെത്തി. തുടർന്ന് പ്രദേശവാസികൾ ചേർന്ന് മുസ്താഖിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറയുന്നതെന്ന് പോലീസ് അറിയിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ മുസ്താഖിന്റെ ബന്ധുക്കളും നാദാപുരം മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ അറിയാനാണ് പോലീസ് ശ്രമിക്കുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ് എന്ന് നാദാപുരം പോലീസ് വ്യക്തമാക്കി.