കടലിന് നടുവില്‍ ക്ഷേത്രം, ഭക്തര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന അത്ഭുത കാഴ്ച

കടല്‍വെള്ളം വഴിമാറിക്കൊടുത്ത് നടപ്പാതയൊരുക്കിയതും കടലിനു കുറുകെ പാലം കെട്ടി ശത്രുരാജ്യത്തെത്തി യുദ്ധം ജയിച്ചതുമായ നിരവധികഥകളാണ് കടലുമായി ബന്ധപ്പെട്ട് നമ്മുടെ പുരാണങ്ങളിലുള്ളത്. ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ അല്ലെങ്കില്‍ ആരുടെയെങ്കിലും ഭാവനാ സൃഷ്ടിമാത്രമാണോ എന്നതിന് കൃത്യമായ തെളിവുകളില്ല. എന്നാല്‍ ഇത്തരം ഒരു അത്ഭുതക്കാഴ്ച്ചയാണ് ഗുജറാത്തിലെ നിഷ്‌കളങ്കേശ്വര ക്ഷേത്രത്തില്‍ പോയാല്‍ കാണാനാവുക.

ഗുജറാത്തിലെ ഭാവ്‌നഗറില്‍ അറബിക്കടലിന് നടുവില്‍ കരയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ് നിഷ്‌കളങ്കേശ്വര ക്ഷേത്രം. തീര്‍ത്ഥാടകര്‍ക്ക് ശിവ ദര്‍ശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി 10 മണി വരെ കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ചയാണിത്.

എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി വരെ ഇവിടെ വേലിയേറ്റ സമയമാണ്. അതിനാല്‍ കരയില്‍ നിന്നും മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ 20 അടി ഉയരമുള്ള തൂണുള്‍പ്പടെ ക്ഷേത്രം മുഴുവനും വെള്ളത്തിനടിയിലായിരിക്കും. ക്ഷേത്രത്തിലെ കൊടിമരത്തിലുള്ള കൊടിയുടെ മുകള്‍ഭാഗം മാത്രമേ ഈ സമയത്ത് പുറത്ത് കാണാനാകൂ. എന്നാല്‍ ഒരു മണിക്ക് ശേഷം വേലിയിറക്കമാവുന്നതോടെ ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാന്‍ തുടങ്ങുകയും വെള്ളം മാറി ക്ഷേത്രത്തിലേക്കുള്ള പാത തെളിയുകയും ചെയ്യുന്നു. രാത്രി 10 മണി വരെ ഇതിലൂടെയുള്ള യാത്ര സാധ്യമാകും.

വേലിയേറ്റവും വേലിയിറക്കവും മൂലമാണ് ഇത്തരമൊരു പ്രതിഭാസം നടക്കുന്നത്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് ഇതൊരു അത്ഭുതക്കാഴ്ചയാണ്. ഭക്തര്‍ക്ക് ശിവാരാധനയ്ക്കായി പ്രകൃതി തന്നെ വഴിയൊരുക്കുന്നു എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിലെ വിജയത്തിന് ശേഷം തങ്ങളുടെ ബന്ധുക്കളോട് യുദ്ധം ചെയ്തതില്‍ പശ്ചാത്തപിച്ച പഞ്ച പാണ്ഡവര്‍ പാപങ്ങള്‍ കഴുകി കളയുന്നതിനുള്ള വഴി തേടി ഭഗവാന്‍ കൃഷ്ണനെ സമീപിച്ചു. പാപമോചിതരാകുന്നതിനുവേണ്ടി ഒരു കറുത്ത പശുവിനേയും ഒരു കറുത്ത കൊടിയും കൃഷ്ണന്‍ പാണ്ഡവര്‍ക്ക് നല്‍കി. ‘ഇതുമായി യാത്ര ചെയ്യുക. പശുവിന്റേയും കൊടിയുടേയും നിറം വെളുപ്പായി മാറുന്ന ദിവസം നിങ്ങള്‍ പാപത്തില്‍ നിന്നും മോചിതരാകും.’ കൃഷ്ണന്‍ പാണ്ഡവരോടു പറഞ്ഞു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം പാണ്ഡവര്‍ യാത്രയാരംഭിച്ചു. ദിവസങ്ങളോളം പല നാടുകളിലൂടെ സഞ്ചരിച്ച് പാണ്ഡവര്‍ ഭാവ്‌നഗറിലെ കൊലിയാക് എന്ന സ്ഥലത്തെത്തി. പൊടുന്നനെ അവിടെ വെച്ച് പശുവിന്റെയും കൊടിയുടെയും നിറം വെളുത്തതായി മാറി. പാപത്തില്‍ നിന്നും മുക്തിനേടിയ പാണ്ഡവര്‍ അവിടെ കടല്‍ത്തീരത്ത് ശിവാരാധനയും ആരംഭിച്ചു എന്നാണ് ഐതിഹ്യം.

പാണ്ഡവരുടെ സ്മരണയ്ക്കായി ഇപ്പോള്‍ ഇവിടെ അഞ്ച് ശിവലിംഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വര്‍ഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നതും വിശ്വാസികളെ ഇവിടേക്കാകര്‍ഷിക്കുന്നു. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിനം പ്രതി ഇവിടെയെത്തുന്നത്.

Previous Post Next Post

نموذج الاتصال