വെയിലത്ത് പുറത്തിറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 

ജോലിസംബന്ധമായോ അല്ലാതെയോ എപ്പോഴും പുറത്തിറങ്ങേണ്ടിവരുന്നവരാണെങ്കില്‍ തീര്‍ച്ചയായും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) സംഭവിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതിന് ഭക്ഷണത്തിലും കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ഇത്തരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധമായും ചൂടുകാലത്ത് ഡയറ്റിലുള്‍പ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും ഇവയാണ്…

ഒന്ന്…

വേനലില്‍ ഡിമാന്‍ഡ് ഏറെ ഉയരാറുള്ള പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ 92 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് നിര്‍ജലീകരണത്തെ തടയാന്‍ വലിയ രീതിയില്‍ സഹായിക്കുന്നു. കലോറി കുറവായതിനാലും ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാലും ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്.

രണ്ട്…

പപ്പായ ആണ് ഇത്തരത്തില്‍ കഴിക്കാവുന്ന മറ്റൊരു പഴം. ഇതിലും 88 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനുമെല്ലാം പപ്പായ സഹായിക്കുന്നു.

മൂന്ന്…

ആപ്പിളും നല്ലതുപോലെ വെള്ളം അടങ്ങിയിട്ടുള്ള പഴമാണ്. 86 ശതമാനത്തോളം ആണ് ആപ്പിളിലെ ജലാംശം വരുന്നത്. ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളെയും അസുഖങ്ങളെയും ചെറുക്കാനും ആപ്പിളിന് സാധിക്കും.

നാല്…

തക്കാളിയും വേനലില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ 94 ശമാനത്തോളമാണ് ജലാംശമുള്ളത് എന്നതുകൊണ്ട് തന്നെയാണ് ഇത് വേനലില്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നത്. അതുപോലെ വൈറ്റമിന്‍-സിയുടെ നല്ലൊരു ഉറവിടമായതിനാല്‍ പലരീതിയില്‍ ഇത് ആരോഗ്യത്തിന് ഗുണകരമാകുന്നു.

അഞ്ച്…

പലരും ഇക്കൂട്ടത്തില്‍ പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും പാവയ്ക്ക. ഇതില്‍ 90 ശതമാനത്തോളം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ധാരാളം വൈറ്റമിനുകളാലും ധാതുക്കളാലുമെല്ലാം സമ്പന്നമായ പാവയ്ക്ക ആരോഗ്യത്തിന് പലവിധത്തില്‍ ഗുണം ചെയ്യുന്നു.

ആറ്…

കക്കിരി വേനലില്‍ കഴിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം പോലുമുണ്ടാകില്ല. അത്രയും വേനല്‍ക്കാല ഭക്ഷണമായി അറിയപ്പെടുന്നതാണിത്. ഇതിലും വലിയ അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കക്കിരി സഹായിക്കുന്നു.

ഏഴ്…

നമ്മുടെ വീടുകളില്‍ പതിവായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ് കുമ്പളം. ഇതും വേനല്‍ക്കാലത്തിന് ഏറെ യോജിച്ച പച്ചക്കറിയാണ്. ഇതിലെയും ജലാംശം തന്നെ പ്രധാനം. അതിന് പുറമെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കുമ്പളം വളരെ നല്ലതാണ്.

 

Previous Post Next Post

نموذج الاتصال