ഡെങ്കി പനി, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിതമാക്കി. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്.
ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ഡെങ്കിപ്പനി പിടിപെടുന്ന മിക്കവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കടുത്ത പനി, തലവേദന, ചുണങ്ങു, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. കഠിനമായ കേസുകളില്‍ ഗുരുതരമായ രക്തസ്രാവവും ഉണ്ടാകുന്നു.
രോഗം ബാധിച്ചവര്‍ പൂര്‍ണ വിശ്രമം എടുക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവര്‍ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം. ഡെങ്കിപ്പനി ബാധിക്കാതിരിക്കാന്‍ പ്രധാനമായി കൊതുകിനെ തുരത്തുകയാണ് വേണ്ടത്.
കൊതുകിനെ തുരത്താന്‍ ചെയ്യേണ്ടത്…
1. കൊതുക് വളരാതിരിക്കാന്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാം.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ എന്നിവ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്‌കരിക്കുക.
3. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.