പെരിയാർ: അരിക്കൊമ്പൻ കേരളത്തിൽ തിരിച്ചെത്തി. തമിഴ്‌നാട് വനമേഖലയുടെ ആശങ്കകൾ ഒഴിയുന്നു. പെരിയാർ കടുവ സങ്കേതത്തിൽ ഇറക്കിവിട്ട ഭാഗത്ത് തന്നെ തിരികെയെത്തി. പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്താണ് കാട്ടാന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടയിൽ അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. സ്ഥലത്തെത്തിയതും വനപാലകർക്ക് വേണ്ടി നിർമിച്ച ഷെഡ് ആന തകർത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.
അരിക്കൊമ്പനെ ആദ്യം തുറന്ന് വിടാൻ തീരുമാനിച്ചിരുന്നത് മുല്ലക്കുടിയിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ മേധക്കാനത്ത് തുറന്ന് വിടുകയായിരുന്നു. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ദിവസേന ഏഴ് മുതല്‍ എട്ട് കിലോ മീറ്റര്‍ വരെ കൊമ്പന്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളില്‍ തന്നെയാണ്.
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ സംഘം ഉറപ്പുവരുത്തിയിരുന്നു.