കൊച്ചി: കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന കൺവീനറായ സമിതിയാണ് രൂപീകരിച്ചത്. ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ, ദീർഘകാലത്തേക്ക് നിലനിൽക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ, അവ സൃഷ്ടിക്കുന്ന ഘടകങ്ങൾ, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറൻസ് പ്രകാരമുള്ള സമഗ്രമായ റിപ്പോർട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സർക്കാരിന് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
Read Also: ട്വിറ്റർ ലോഗോയിലെ പക്ഷിയായ ബ്ലൂ ബേർഡ് ഇനിയില്ല! പകരം ഈ മൃഗം, പുതിയ അഴിച്ചുപണിയുമായി മസ്ക്
കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയൻ, സിഎസ്‌ഐആർ, എൻഐഐഎസ്ടി സീനിയർ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. അനീഷ് ടിഎസ്, തൃശൂർ മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. സഞ്ജീവ് നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോക്രൈനോളജി വിഭാഗം പ്രൊഫസർ ഡോ. പി.കെ. ജബ്ബാർ, കൊച്ചി അമൃത ഹോസ്പിറ്റൽ പീഡിയാട്രിക് പ്രൊഫസർ (റിട്ട) ഡോ. ജയകുമാർ സി, ചെന്നൈ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. എച്ച്.ഡി. വരലക്ഷ്മി, എസ്.എച്ച്.എസ്.ആർ.സി. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ് എന്നിവരാണ് അംഗങ്ങൾ.