തിരുവനന്തപുരം: സ്ത്രീകളുടെ ജീവിതപ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യ ലോകത്തിനു മാതൃകയായി മുന്നേറുകയാണെന്ന് കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഇന്ദീവർ പാണ്ഡെ. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാമത് ജി-20 എംപവർ യോഗത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ വിജയകരം: ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടുവീണു, 120 പേർ അറസ്റ്റിൽ
സ്ത്രീകൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഫാർമസികൾ (ജൻ ഔഷധി കേന്ദ്രങ്ങൾ) വഴി 310 ദശലക്ഷം ഓക്സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി ഉൽപ്പന്നങ്ങൾ ഒരു രൂപയ്ക്കു വിതരണം ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായി സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധന മികച്ച സൂചകമാണ്. സ്ത്രീകളുടെ സംരംഭകത്വം, നേതൃശേഷി, സാമ്പത്തിക സഹായങ്ങൾ എന്നീ വിഷയങ്ങളിൽ ഗൗരവമേറിയ ചർച്ചകളാണ് സെഷനുകളിൽ നടക്കുന്നത്.
ശാസ്ത്രവിഷയങ്ങളിൽ ഇന്ത്യയിലെ ബിരുദധാരികളിൽ 43 ശതമാനം സ്ത്രീകളാണെന്ന് ജി 20 എംപവർ അധ്യക്ഷ ഡോ. സംഗീത റെഡ്ഡി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലൊന്നാണ് ഇന്ത്യയിലുള്ളത്. ഏകദേശം നാലുലക്ഷം സ്വയംസഹായ അംഗങ്ങൾ പരിശീലനം നേടിയ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരായുണ്ട്. ആവശ്യമായ മാർഗനിർദേശങ്ങൾ വനിതാ പ്രൊഫഷണലുകൾക്കും സംരംഭകർക്കും നൽകാൻ കഴിയണ്ടതുണ്ട്. 121 ഭാഷകളിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഇൻക്ലൂഷൻ – ഫ്‌ളൂവൻസി പ്ലാറ്റ്ഫോം ലോകമെമ്പാടുമുള്ള സ്ത്രീകൾക്കുള്ള ഇന്ത്യയുടെ സമ്മാനമാണെന്നും ഡോ. റെഡ്ഡി പറഞ്ഞു. സമ്പദ് വ്യവസ്ഥയിലും പരമ്പരാഗത സംരംഭങ്ങളിലും സ്ത്രീകളുടെ സ്വാധീനം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് ജി 20 കൂട്ടായ്മയിലെ സെഷനുകൾ ഇന്ത്യ സംഘടിപ്പിക്കുന്നത്.