വൃഷണത്തില്‍ വേദനയും ചില മാറ്റങ്ങളും പ്രകടമായാല്‍ യുവാക്കള്‍ ഉടന്‍ ഡോക്ടറെ കാണുക, ഒരു പക്ഷേ ക്യാന്‍സര്‍ ആകാം

 

ക്യാന്‍സര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ വൈകി രോഗം നിര്‍ണയിക്കപ്പെടുന്നതാണ് മിക്ക കേസുകളിലും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നത്. രോഗം കണ്ടെത്താന്‍ സമയമെടുക്കുന്നതോടെ പലയിടത്തേക്കും ഇത് പകരുന്നതിനും ചികിത്സയും രോഗമുക്തിയും സങ്കീര്‍ണമാകുന്നതിനുമാണ് കാരണമാകുന്നത്.

ക്യാന്‍സര്‍ സമയബന്ധിതമായി കണ്ടെത്തണമെങ്കില്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണണം. അല്ലെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് ചെയ്യുന്നത് പതിവാക്കണം. ഇതിലൂടെ ക്യാന്‍സര്‍ മാത്രമല്ല ഏതുതരം ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമെല്ലാം സമയബന്ധിതമായി കണ്ടെത്താന്‍ സാധിക്കും.

 

ഇത്തരത്തില്‍ വൃഷണത്തെ ബാധിക്കുന്ന ക്യാന്‍സറില്‍ പുരുഷന്മാരില്‍ കണ്ടേക്കാവുന്ന പ്രധാന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പതിനഞ്ച് വയസ് മുതല്‍ മുപ്പത്തിയഞ്ച് വയസ് വരെയുള്ളവരാണ് ഏറെയും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

വേദനയില്ലാത്ത മുഴ…

വൃഷണത്തില്‍ വേദനയില്ലാത്ത മുഴയോ തടിപ്പോ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക. കാരണം ഇത് ക്യാന്‍സര്‍ ലക്ഷണമായി വരാവുന്നതാണ്. അതുപോലെ തന്നെ വൃഷണത്തിന്റെ വലുപ്പത്തിലോ ഘടനയിലോ കട്ടിയിലോ എല്ലാം വ്യത്യാസം വരുന്നുവെങ്കില്‍ അക്കാര്യവും ശ്രദ്ധിക്കണം.

വേദന…

സ്വകാര്യഭാഗത്ത് എപ്പോഴും ചെറിയ വേദന അനുഭവപ്പെടുന്നുവെങ്കിലും പരിശോധന നടത്തുന്നത് ഉചിതമാണ്. ഒരുപക്ഷേ ക്യാന്‍സര്‍ രോഗത്തിന്റെ സൂചനയായിട്ടാകാം ഈ വേദന.

മറ്റ് ലക്ഷണങ്ങള്‍…

വൃഷണസഞ്ചിക്ക് കനം കൂടുക, വൃഷണത്തിന്റെ ചുറ്റുമായി നീര് വന്ന് നിറയുന്ന അവസ്ഥ, സ്തനങ്ങള്‍ അസാധാരണമായി വളര്‍ച്ച പ്രാപിക്കുക- ഇവിടെ ചെറിയ വേദന അനുഭവപ്പെടുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ശ്രദ്ധിക്കണം. ഇതെല്ലാം വൃഷണത്തെ ബാധിക്കുന്ന ക്യാന്‍സറിന്റെ സൂചനകളാകാം. സ്തനവളര്‍ച്ച സംഭവിക്കുന്നത് രോഗത്തിന്റെ ഭാഗമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നാണ്.

എന്തായാലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലേതെങ്കിലും കാണുന്നപക്ഷം സ്വയം രോഗം നിശ്ചയിക്കരുത്. പല അവസ്ഥകളുടെയും ഭാഗമായി ഇത്തരം പ്രശ്‌നങ്ങളെല്ലാം വന്നേക്കാം. അതിനാല്‍ ടെന്‍ഷന്‍ കൂടാതെ ഡോക്ടറെ കാണുകയാണ് ആദ്യം വേണ്ടത്. ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതിന് ഒട്ടും സമയം പാഴാക്കുകയും അരുത്.

Previous Post Next Post

نموذج الاتصال