തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അനുമതികളെല്ലാം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കുന്ന ഭരണസംസ്‌കാരമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വാഹനപ്പെരുപ്പത്തിലും ജനസാന്ദ്രതയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതിയെ മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നാടിന്റെ വികസനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് നിലവാരമുള്ള റോഡ്, റെയില്‍, അടക്കമുള്ള ഗതാഗത മാര്‍ഗങ്ങള്‍. ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ടുകൊണ്ടു കേരളത്തിന്റെ ഗതാഗതവികസനത്തിന് ആക്കം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.