റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ചൂതാട്ട മത്സരങ്ങൾക്ക് പൂട്ടിടാൻ തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഗവർണർ ഒപ്പിട്ടു. മാസങ്ങളായി അംഗീകാരം നൽകാതിരുന്ന ബില്ലിലാണ് ഇത്തവണ ഗവർണർ ഒപ്പുവെച്ചത്. 2022 സെപ്തംബർ 26-നാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിന് ഗവർണർ ആർ.എൻ രവി ഓർഡിനൻസിന് അംഗീകാരം നൽകുകയും, ഒക്ടോബർ 19ന് തമിഴ്നാട് നിയമസഭ ഓൺലൈൻ ചൂതാട്ട നിരോധന ഏകകണ്ഠമായി പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ, മാസങ്ങളോളമാണ് തമിഴ്നാട് ഗവർണർ ബില്ലിൽ ഒപ്പിടാതിരുന്നത്. ഇതിനെ തുടർന്ന് വലിയ തോതിലാണ് ആക്ഷേപം ഉയർന്നത്. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിക്കാൻ രാഷ്ട്രപതിയും കേന്ദ്രസർക്കാരും ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ്നാട് സർക്കാർ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് ഗവർണർ ബില്ലിൽ ഒപ്പിട്ടത്.
Also Read: രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കറുവപ്പട്ട
തമിഴ്നാട്ടിൽ ഒട്ടനവധി ചെറുപ്പക്കാരാണ് പണം ഉപയോഗിച്ചുള്ള ഇത്തരം ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിട്ടുള്ളത്. റമ്മിയടക്കമുള്ള ഓൺലൈൻ ചൂതാട്ടങ്ങളിൽ പങ്കെടുക്കുകയും, പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്ന പ്രവണത തമിഴ്നാട്ടിൽ വർദ്ധിച്ചതോടെയാണ് സർക്കാർ നടപടി കടുപ്പിച്ചത്. ഇനി മുതൽ തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസം തടവും, 5000 രൂപ പിഴയും കിട്ടുന്ന കുറ്റമാകും.