തിരുവനന്തപുരം: സഹകരണ മേഖല കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കൊച്ചി മറൈൻ ഡ്രൈവിൽ സഹകരണ എക്സ്പോ 2023 ഉദ്ഘാടനം ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വ്യവസായ വകുപ്പുമായി സഹകരിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നു. 1252 വനിതാ സംഹകരണ സംഘങ്ങൾ വ്യവസായ സംരംഭങ്ങളിലേക്ക് കടന്നു വരികയാണ്. ഇവർക്ക് വ്യവസായ വകുപ്പിൽ നിന്ന് അഞ്ചു ലക്ഷം രൂപ സബ്സിഡി ലഭിക്കും. സഹകരണ മേഖലയിൽ നിന്നുള്ള സബ്സിഡിയും ഇവർക്ക് ലഭിക്കും. ഇതുവഴി നൂറുകണക്കിന് തൊഴിലവസരങ്ങൾ ഓരോ പഞ്ചായത്തിലും സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ സഹകരണ മേഖല കരുത്താർജിച്ച് വരികയാണ്. ഇവന്റ് മാനേജ്മെന്റ് മുതൽ ഐടി വരെയുള്ള നിരവധി സംരംഭങ്ങൾ സഹകരണ മേഖലയിൽ ആരംഭിക്കുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ, കാർഷിക മേഖലയിലെ മൂല്യവർധിത ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലേക്കും സഹകരണ മേഖല പ്രവർത്തനം വ്യാപിപ്പിക്കുന്നു. സഹകരണ മേഖലയിലെ അംഗത്തിന് ഗുരുതര രോഗം ബാധിച്ചാൽ ചികിത്സാ സഹായമായി അരലക്ഷം രൂപ ലഭിക്കും. 67 കോടി രൂപ ഇയിനത്തിൽ വിതരണം ചെയ്തു. ഗുരുതര രോഗം ബാധിച്ച് മരിക്കുന്നവരുടെ ആശ്രിതർക്ക് മൂന്നു ലക്ഷം രൂപ റിസ്‌ക് ഫണ്ടിൽ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വ്യവസായ വകുപ്പുമായി ചർച്ച നടത്തിവരികയാണ്. കൺസ്യൂമർ ഫെഡ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടുന്നു. സമഗ്രമായ നിയമഭേദഗതിയും സഹകരണ മേഖലയിൽ തയാറെടുക്കുകയാണ്. കാലോചിതമായ പരിഷ്‌ക്കാരങ്ങളാണ് ലക്ഷ്യം. വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കൊണ്ട് സമ്പന്നമാണ് മേള. സഹകരണ മേഖലയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ദേശീയ ബദൽ സംസ്ഥാനത്ത് പടുത്തുയർത്തി സഹകരണ മേഖല മുന്നോട്ട് വരികയാണ്. പുതുതലമുറ ബാങ്കുകൾക്കൊപ്പം മത്സരിക്കാൻ കഴിയുന്ന വിധത്തിൽ കേരള ബാങ്കിനെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളും നടക്കുകയാണ്. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ മെയ് മാസത്തിൽ അവതരിപ്പിക്കും. പുതിയ സാധ്യതകൾ ഏറ്റെടുക്കാനുള്ള ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യയുടെ മഹാഭൂരിപക്ഷവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മേളയിലെ ചർച്ചകളും സെമിനാറുകളും സഹകരണ മേഖലയ്ക്ക് പുതിയ കുതിപ്പേകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം