കൊല്ലം: റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കുറ്റമറ്റ രീതിയിൽ കൂടുതൽ വേഗതയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ടാക്കുമെന്ന് മന്ത്രി കെ രാജൻ. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിൽ നിർമിച്ച പള്ളിമൺ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമക്കുരുക്കുകളിൽപ്പെട്ട് ഭൂമി ലഭിക്കാത്ത കുടുംബങ്ങൾക്ക് അവ ലഭ്യമാക്കാൻ ആവിശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ സർക്കാർ വകുപ്പുകളും റവന്യൂ വകുപ്പുമായി ബന്ധിതമായതിനാൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കേണ്ടതുണ്ട്. ഉപരി പഠനത്തിനായി പ്രവേശന പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രം ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ട സംവിധാനം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പി സി വിഷ്ണുനാഥ് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യാശോദ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി, വൈസ് പ്രസിഡന്റ് ബി സുധാകരൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, എ ഡി എം ആർ ബീനാറാണി, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.