ഡല്‍ഹി: രാജ്യത്ത് 157 നഴ്‌സിങ് കോളജുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 157 നഴ്‌സിങ് കോളജുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പുതിയ കോളജുകള്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഒഴിവാക്കി.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ അനുവദിച്ചത്. 27 കോളജുകളാണ് അനുവദിച്ചിട്ടുള്ളത്. രാജസ്ഥാനില്‍ 23, തമിഴ്‌നാട് 11, കര്‍ണാടക 4 എണ്ണവും അനുവദിച്ചു. ഇതിനായി 1570 കോടി രൂപ അനുവദിച്ചതായും, രണ്ടുവര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പുതിയ കോളജുകള്‍ അനുവദിച്ചതോടെ 15,700 പുതിയ നഴ്‌സിങ് ബിരുദധാരികളെ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.