
കൊല്ലം: കരുനാഗപ്പള്ളിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനത്തിൽ കണ്ണനെന്ന് വിളിക്കുന്ന അഖിൽ(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റിൽ ഭരണിക്കാവ് കിഴക്കതിൽ അഭിജിത്ത്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസാണ് ഇവരെ പിടികൂടിയത്.
ഇരുവരും ഇന്നലെ രാവിലെ കരുനാഗപ്പള്ളി വവ്വാക്കാവിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് പിടിയിലായത്. അഖിൽ ബാംഗ്ലുരിൽ ലോജസ്റ്റിക്ക് വിദ്യാർത്ഥിയും അഭിജിത്ത് ബാംഗ്ലൂർ രാമയ്യാ കോളേജിൽ ബിടെക് വിദ്യാർത്ഥിയുമാണ്. ഇവർ ബാംഗ്ലൂരിൽ നിന്നും ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
Read Also : കേരളത്തിലെ മികച്ച പ്രവർത്തനത്തിന് ശേഷം ചിന്ത ലോകസഭയിലേക്ക്? മത്സരിപ്പിക്കുമെന്ന് സൂചന
അന്തർസംസ്ഥാന ബസിൽ കർണാടകയിൽ നിന്ന് തിരച്ചെത്തിയ ഇരുവരെയും വവ്വാക്കാവിൽ ഡാൻസാഫ് ടീമും കരുനാഗപ്പള്ളി പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. യുവാക്കൾ ധരിച്ചിരുന്ന വസ്ത്രത്തിലും ഷോൾഡർ ബാഗിലും ഒളിപ്പിച്ച നിലയിൽ 7.95 ഗ്രാം എംഡിഎംഎയും 14.90 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് ടീം കൊല്ലം സിറ്റി പരിധിയിൽ നടത്തിവരുന്ന ശക്തമായ പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.
എംഡിഎംഎ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര മാഫിയകൾ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു.വി-യുടെ നേതൃത്വത്തിൽ സ്പെഷൽ ബ്രഞ്ച് എസ്ഐ ആർ.ജയകുമാർ കരുനാഗപ്പള്ളി എസ്.ഐമാരായ ഷെമീർ, ശരത്ചന്ദ്രൻ, എ.എസ്.ഐ ബൈജു ജെറോം, എസ്.സിപിഒ മാരായ മനു, സീനു, സജു, രിപു, രതീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.