
ഹരിപ്പാട്: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. മുതുകുളം പാണ്ഡവർകാവ് ക്ഷേത്ര ഉത്സവത്തിനിടെയാണ് ഹരിപ്പാട് അപ്പു എന്ന ആന ഇടഞ്ഞത്.
കാടാശ്ശേരി മുന്നില എൻ എസ് എസ് എസ് കരയോഗം വകയായി നടത്തിയ എട്ടാം ഉത്സവത്തിന്റെ ഏഴുന്നള്ളത്തിന് ശേഷം രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുവെച്ച് ഇടഞ്ഞ ആന അവിടെ ഉണ്ടായിരുന്ന കണ്ഠകർണ്ണന്റെ കൽവിളക്ക് കുത്തിയിളക്കി. തുടർന്ന്, ക്ഷേത്ര കോമ്പൗണ്ടിൽ കൂടി ഓടി കിഴക്കേ ഗോപുരവാതിലിൽ കൂടി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു.
ഓട്ടത്തിനിടയില്‍ തിരുവനന്തപുരം ദൃശ്യവേദിയുടെ നാടൻ പാട്ടുസംഘത്തിന്റെ വാഹനത്തിന് കേടുപാട് വരുത്തി. വീണ്ടും പരാക്രമം തുടർന്നു കൊണ്ടിരുന്ന ആനയെ ഒടുവില്‍ എലിഫന്റ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പാപ്പാന്മാർക്ക് സമീപത്തെ പുരയിടത്തിൽ തളയ്ക്കാനായത്.