കോട്ടയം: പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന തൈക്കരിയിൽ പ്രദീപ് കുമാർ (40) ആണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 8.30 ഓടുകൂടി ഇയാൾ നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ എത്തിയ അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ ബുക്കുകളും മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. ബാഗ് പള്ളിയുടെ അരികിൽ വച്ച് പ്രാർത്ഥനയ്ക്കായി നിന്ന സമയത്താണ് സംഭവം.
വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ തെരച്ചിലിനോടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
ഇടുക്കി സ്വദേശിയായ ഇയാൾ കുറച്ചു നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു. പ്രദീപിനെതിരെ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.