വന്‍ എടിഎം കവര്‍ച്ച, 4 എടിഎമ്മുകളില്‍ ഒരേ സമയം കവര്‍ച്ച: 75 ലക്ഷത്തോളം രൂപ മോഷണം പോയി

ചെന്നൈ: തമിഴ്‌നാട്ടില്‍ വന്‍ എടിഎം കവര്‍ച്ച. തിരുവണ്ണാമലയില്‍ നാല് എടിഎമ്മുകള്‍ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീനുകള്‍ മുറിച്ചാണ് പണം കവര്‍ന്നത്. തെളിവ് നശിപ്പിക്കാന്‍ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കുകളും മോഷ്ടാക്കള്‍ നശിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വണ്‍ ഇന്ത്യ ബാങ്കിന്റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയില്‍, മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം പത്താം തെരുവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വണ്‍ഇന്ത്യയുടെ എടിഎം, പോലൂര്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകര്‍ത്ത് പണം കവരുകയായിരുന്നു.

അര്‍ദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകള്‍ സ്ഥാപിച്ച മുറികളില്‍ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ മുറിച്ചാണ് പണം കൊള്ളയടിച്ചത്. ആകെ എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കള്‍ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളില്‍ ഒരേ സമയം ഒരേ സ്വഭാവത്തില്‍ കവര്‍ച്ച നടത്തിയത്. എടിഎം മെഷീനുകള്‍ക്കും സിസിടിവിക്കും തീയിട്ടതിനാല്‍ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല.

ഫോറന്‍സിക് സംഘമെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂര്‍, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കവര്‍ച്ച നടന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സമീപ റോഡുകളിലേയും സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ഫോണ്‍ വിളികളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

 

Previous Post Next Post

نموذج الاتصال