No title

ഗ്യാസ് ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയത്തെ കുറിച്ച് അറിഞ്ഞിരിക്കാം

നാം വീട്ടില്‍ തന്നെ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന സ്‌പൈസസും ഹെര്‍ബ്‌സുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്നൊരു പാനീയമാണിത്. ഇഞ്ചി, പുതിനയില, പെരുഞ്ചീരകം എന്നിവയാണിത് തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്.

വളരെ ലളിതമായി തന്നെ ഈ പാനീയം തയ്യാറാക്കാവുന്നതേയുള്ളൂ. ഇഞ്ചി, നമുക്കറിയാം പരമ്പരാഗതമായി ഒരു ഔഷധം എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ (ദഹനപ്രശ്‌നങ്ങള്‍) പരിഹരിക്കുന്നതിനെല്ലാം ഇഞ്ചി വ്യാപകമായി ഉപയോഗിക്കാറുണ്ട്.

പുതിനയിലയാണെങ്കില്‍ വിവിധ തരം അണുബാധകളെയെല്ലാം ചെറുക്കുന്നതിന് സഹായകമാണ്. വയറിന് ഗുണകരമായി വരുംവിധത്തിലാണ് പുതിനയില പല അണുബാധകളെയും ചെറുക്കാറ്. അസിഡിറ്റി, ഗ്യാസ് എന്നിവയില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കാന്‍ പുതിനയില വളരെ നല്ലതാണ്.

പെരുഞ്ചീരകവും ഇതുപോലെ തന്നെ ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കാറുള്ള ഒന്നാണ്. പെരുഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്ന ‘തൈമോള്‍’ എന്ന ഘടകം ദഹനത്തെ സുഗമമാക്കുന്നു. ഓക്കാനം, മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ലഘൂകരിക്കാനും പെരുഞ്ചീരകം ഏറെ നല്ലതാണ്.

ഇഞ്ചിയും, പുതിനയിലയും, പെരുഞ്ചീരകവും ചേര്‍ത്ത് എങ്ങനെയാണ് ഗ്യാസ്- അനുബന്ധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പാനീയം തയ്യാറാക്കുന്നത് എന്നും നോക്കാം.

ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേര്‍ക്കുക, ശേഷം അഞ്ചോ ആറോ പുതിനയിലയും ചേര്‍ക്കണം. ഇതിന് പിന്നാലെ ഒരു ടീസ്പൂണ്‍ പെരുഞ്ചീരകവും ചേര്‍ക്കാം. ഇനിയിത് നന്നായി തിളച്ച ശേഷം തീ കെടുത്തി ആറാന്‍ വയ്ക്കാം. മുഴുവനായി ചൂടാറും മുമ്പ് തന്നെ അരിച്ചെടുത്ത് ഇത് കുടിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം ചെറുനാരങ്ങാ നീരും ബ്ലാക്ക് സാള്‍ട്ടും കൂടി ചേര്‍ക്കാവുന്നതാണ്.

Previous Post Next Post

نموذج الاتصال