ആശ്രീതവത്സലനായ തേവര് കുടിക്കൊള്ളുന്ന മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പലതുക്കൊണ്ടും വിശേഷകരമാണ്. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം അച്ചന്‍കോവിലാറിന്റെ തെക്കന്‍ തീരത്താണ് സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണ പ്രതിഷ്ഠകളില്‍ അപൂര്‍വമായിട്ടുള്ള നവനീത കൃഷ്ണ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നില്‍ക്കുന്ന ചതുര്‍ബാഹുവായ ഉണ്ണിക്കൃഷ്ണ വിഗ്രഹം ആരുടെയും ഹൃദയം കവരുന്നതാണ്. ഗുരുവായൂരപ്പനെപോലെ തന്നെ, മാവേലിക്കര ശ്രീകൃഷ്ണസ്വാമിയും ആശ്രീത വത്സലനാണ്.

ഗരുഡ വാഹനാരൂഡനായി എഴുന്നെള്ളുന്ന കൃഷ്ണന്‍ ഇവിടുത്തെ പ്രത്യേകതയാണ്. കേരളത്തില്‍ അധികം ക്ഷേത്രങ്ങളില്‍ ഈ ഭാവത്തില്‍ ബഗവാന്‍ എത്താറില്ല. ഉത്സകാലത്ത് വാകച്ചാര്‍ത്ത് നടക്കുന്ന ഏക ക്ഷേത്രവുമാണിത്. ഒന്‍പതാം ഉത്സവ നാളിലാണ് വാകച്ചാര്‍ത്ത് നടത്തുന്നത്. കണ്ടിയൂര്‍ മഹാദേവക്ഷേത്രവും ചെട്ടിക്കുളങ്ങര ഭഗവതിയും ഒക്കെ ദേശത്തിന്റെ ദേവതകളാണെങ്കിലും. മാവേലിക്കര പട്ടണത്തിന് പ്രാധാന്യമുള്ള തേവര് ശ്രീകൃഷ്ണ സ്വാമി തന്നെയാണ്.

ശ്രീകൃഷ്ണസ്വാമിയുടെ പ്രധാന ക്ഷേത്രം, ശില്‍പ്പ ഭംഗിയാല്‍ ആകൃഷ്ടമാണ്. ക്ഷേത്ര കവാടത്തിന് ഇരുവശവും കരിങ്കല്ലില്‍ തീര്‍ത്ത ദ്വാരപാലകരെ കാണാം. ചെമ്പ് മേഞ്ഞ ശ്രീകോവിലിന് ചുറ്റു മതിലും, സ്വര്‍ണ്ണക്കൊടിമരവും ആന കൊട്ടിലും, വേലക്കുളവുമുണ്ട്. ആന കൊട്ടിലിന് മുന്‍ വശത്താണ് ഓടുക്കൊണ്ട് നിര്‍മ്മിച്ച മുപ്പത് അടി ഉയരമുള്ള പ്രശസ്തമായ സ്തംഭ വിളക്കുള്ളത്. വിളക്കിന്റെ പീഠത്തില്‍ ആയുധ ധാരികളായ 4 ഡച്ച് പടയാളികളുടെ ചെറിയ ശില്പമുണ്ട്.

നിത്യവും ത്രികാല പൂജയുള്ള ക്ഷേത്രത്തില്‍ ഉപദേവതകളായി ഗണപതി, ശിവന്‍, നവഗ്രഹങ്ങള്‍ ഉണ്ട്. കദളിക്കുല സമര്‍പ്പണം, മുഴുക്കാപ്പ്, തൃക്കൈവെണ്ണ, പന്തിരുന്നാഴി അപ്പം, പാല്‍പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ മഹാവിഷ്ണുവിന്റെ പത്ത് അവതാര രൂപങ്ങള്‍ ചന്ദനം കൊണ്ട് ചാര്‍ത്തുന്ന ദശാവതാരച്ചാര്‍ത്തുമുണ്ട്. ഉപദേവതകള്‍ക്കുള്ള വഴിപാടുകള്‍ ഗണപതി ഹോമം, മോദകം നിവേദ്യം, നവഗ്രഹ പൂജ എന്നിവയാണ്.

Previous Post Next Post

نموذج الاتصال