എല്ലാവർക്കും മാതൃക: മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടിയ്ക്ക് അഭിനന്ദനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു പെൺകുട്ടി. ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃകയാണ്. അതിക്രമത്തെ നേരിടാൻ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം അറിയിക്കുന്നു. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള അവകാശം എല്ലാ സ്ത്രീകൾക്കും ഉണ്ട്. കെഎസ്ആർടിസി ബസിൽ സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന് പറയാൻ ആ പെൺകുട്ടി കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു. ‘മാനം’ പോകുന്നത് സ്ത്രീകൾക്കാണെന്ന പൊതുബോധത്തെ തിരുത്തി എഴുതുകയായിരുന്നു ആ പെൺകുട്ടി. ധൈര്യത്തോടെ ഇത്തരമൊരു സാഹചര്യത്തെ നേരിട്ട പെൺകുട്ടി എല്ലാവർക്കും മാതൃക കൂടിയാണ്. ഒപ്പം അതിക്രമത്തെ നേരിടാൻ ആ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർ പ്രദീപിന് അഭിവാദ്യം. പെൺകുഞ്ഞുങ്ങൾ എല്ലായിടത്തും സുരക്ഷിതരായിരിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.


Previous Post Next Post

نموذج الاتصال