
പാലക്കാട്: ട്രാന്‍സ് മെന്‍ പ്രവീൺ നാഥിന്റെ ആത്മഹത്യയുടെ കാരണം സോഷ്യൽ ബുള്ളിയിങ് അല്ലെന്ന് പ്രവീണിന്‍റെ കുടുംബം. പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവീൺ നാഥിന്റെ കുടുംബം. പ്രവീണിനെ റിഷാന ഐഷു പതിവായി മർദിച്ചിരുന്നുവെന്നും കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രവീൺ നാഥിന്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരൻ പുഷ്പൻ വ്യക്തമാക്കി.
ഇന്നലെയാണ് പ്രവീണ്‍ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രവീൺ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ മിസ് മലബാറാണ് റിഷാന ഐഷു.
അതേസമയം, പ്രവീണ്‍ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്ജെൻഡർ കൂട്ടായ്മ രംഗത്തെത്തി. ഓൺലൈൻ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ച്, നിയമനടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.