തിരുവനന്തപുരം: കട്ടപ്പുറത്തായ ബസുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഘട്ടം ഘട്ടമായി നിരത്തിലിറക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി വര്‍ഷോപ്പുകളുടെ നവീകരണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. പ്രതിദിനം 8 കോടിയുടെ വരുമാന വര്‍ധനവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി.
Read Also: കക്കൂസ് ടാങ്കിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന
വിവിധ ജില്ലകളിലെ കട്ടപ്പുറത്തുള്ള ബസുകള്‍ ഘട്ടം ഘട്ടമായി നിരത്തിലിറക്കാന്‍ ആണ് കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. 980 ബസ്സുകള്‍ ആണ് ആകെ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഇത് കെഎസ്ആര്‍ടിസിയുടെ ആകെ ബസ് സര്‍വീസുകളില്‍ 20% വരും. ആകെ 5400 ബസ്സുകള്‍ ആണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഇതില്‍ 297 എണ്ണം സിഫ്റ്റ് ബസുകളാണ്. പ്രതിദിനം 4300 മുതല്‍ 4400 വരെ ബസ്സുകള്‍ ആണ് സര്‍വീസ് നടത്തുന്നത്.
കാലപ്പഴക്കം ചെന്ന ഒഴികെയുള്ള ബസ്സുകള്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് നിരത്തിലിറക്കാനാണ് പുതിയ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി മാവേലിക്കര, ആലുവ, കോഴിക്കോട്, എടപ്പാള്‍ റീജണല്‍ തിരുവനന്തപുരം വര്‍ഷോപ്പുകളുടെ നവീകരണത്തിന് രൂപം നല്‍കി . നിസ്സാര കാര്യങ്ങളുടെ പേരില്‍ സര്‍വീസുകള്‍ ഒഴിവാക്കുന്നതിന് പകരം അറ്റപ്പണികള്‍ കാര്യക്ഷമമാക്കാന്‍ ആണ് തീരുമാനം. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. 15 വര്‍ഷം പൂര്‍ത്തിയാക്കിയ 237 ബസുകള്‍ സെപ്റ്റംബര്‍ പകുതിയോടെ നിരക്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. ഗ്യാരേജുകളില്‍ ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ മെക്കാനിക്കല്‍ ജീവനക്കാരെ നിയമിക്കുന്നതിന് പകരം ശാസ്ത്രീയമായ ഡ്യൂട്ടി ക്രമീകരണം നടപ്പിലാക്കാനും ആണ് തീരുമാനം.