കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ പരാമര്‍ശം മാധ്യമങ്ങളില്‍ വന്നത് തെറ്റിദ്ധാരണാജനകമായാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ശിവശങ്കറിന് ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്പെന്‍ഷനുമായോ ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.
ആള്‍ ഇന്ത്യ സര്‍വ്വീസില്‍ നിന്നും ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത് ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കൊണ്ടല്ലെന്നും അദ്ദേഹം ആള്‍ ഇന്ത്യ സര്‍വ്വീസിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയപ്പോഴാണെന്നും ഇപി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇപി ജയരാജന്റെ വാക്കുകൾ ഇങ്ങനെ;
‘ഒരാള്‍ക്ക് അന്യായമായി സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തി കൊടുത്തു എന്ന പ്രശ്നം വന്നപ്പോഴാണ് സസ്പെന്‍ഡ് ചെയ്തത്. ഇതൊരു രാഷ്ട്രീയ തീരുമാനം ആയിരുന്നില്ല. ശിവശങ്കരനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് സസ്പെന്‍ഷന്‍ ശുപാര്‍ശ ചെയ്തത്. സസ്പെന്‍ഡ് ചെയ്യുന്ന ഘട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ അദ്ദേഹം ഏജന്‍സികളുടെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല.
സ്പോര്‍ട്സ്, മൃഗ സംരക്ഷണം പോലുള്ള വകുപ്പിലാണ് ശിവശങ്കറിനെ പിന്നീട് നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഏതെങ്കിലും വകുപ്പിലോ, ഓഫിസിലോ, ചീഫ് സെക്രട്ടറിയുടെ ഓഫിസിലോ, പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പിന്റെ ചാര്‍ജോ പിന്നീട് ശിവശങ്കറിന് നല്‍കിയിട്ടില്ല. ചട്ടപ്രകാരം സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ഏതെങ്കിലും ചുമതല ഏല്‍പ്പിക്കണം. അങ്ങനെ ചുമതല ഏല്‍പ്പിക്കലാണുണ്ടായത്.
സസ്പെന്‍ഷന്‍ നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിന് കേരളം കത്തെഴുതി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ ആവശ്യത്തോട് പ്രതികരിച്ചതേയില്ല. ആരോപണവിധേയനായ ഉദ്യോഗസ്ഥനോട് ഒരു തരത്തിലുള്ള അനുഭാവവും സര്‍ക്കാര്‍ കാട്ടിയതായി ആര്‍ക്കും പറയാനാവില്ല. ശിവശങ്കര്‍ സര്‍ക്കാരിനെതിരെ കേസ് നടത്തി കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ ശിവശങ്കറിനെ സഹായിക്കുന്നു എന്ന വാദം പൊളിയുന്നു. മുഖ്യമന്ത്രിയോ സര്‍ക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തില്‍ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല, നടത്തുകയുമില്ല.’