സംസ്ഥാനത്ത് കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ജനമൈത്രി പോലീസ് രംഗത്ത്. അതിക്രമങ്ങൾ തിരിച്ചറിയാനും, അവയിൽ നിന്ന് സ്വയംരക്ഷ നേടുന്നതിന്റെയും ഭാഗമായാണ് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിന് നാളെ മുതൽ തുടക്കമാകും. 9 വയസിന് മുകളിലുള്ള പെൺകുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ മേഖലയിലും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.
അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാനും, അക്രമികളെ അകറ്റിനിർത്താനുമുള്ള മാനസികവും കായികവുമായ പരിശീലനമാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, സൈബർ സുരക്ഷ, ലഹരിയുടെ ദോഷങ്ങൾ, പോലീസിന്റെ വിവിധ സേവനങ്ങൾ, നിയമ അവബോധം തുടങ്ങിയവയും ക്ലാസിൽ ഉൾപ്പെടുത്തും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സ്ക്വാഷ് സെന്ററിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുക. പിന്നീട് ഘട്ടം ഘട്ടമായി ഈ പദ്ധതി കൂടുതൽ കുട്ടികളിലേക്ക് എത്തിക്കുന്നതാണ്.
Also Read: കോഴിക്കോട് നഗരത്തിൽ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ