വെഞ്ഞാറമൂട്: അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിൽ. മംഗലപുരം വെയിലൂര്‍ ഷിബിന കോട്ടേജില്‍ ഷംനാദ് (30), നെടുമങ്ങാട് പഴകുറ്റി അനിതാ ഭവനില്‍ അഖില്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ചാത്തന്നൂര്‍ താഴേകല്ലുവിള വീട്ടില്‍ അഖിള്‍ കൃഷ്ണനാണ്(30) ആക്രമണത്തിനിരയായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കാട്ടാക്കടയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അഖില്‍ കൃഷ്ണന് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ പഴകുറ്റി ഭാഗത്ത് പ്രതികള്‍ അപകടകരമായി കാറോടിക്കുന്നതിനെതിരെ പ്രതികരിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.
തുടര്‍ന്നും അക്രമികള്‍ യാത്രാമദ്ധ്യേ മറ്റു പല വാഹനങ്ങളിലും ഇടിക്കാന്‍ ശ്രമിക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. ഇതിനിടയില്‍ നെടുമങ്ങാട് വെമ്പായം റോഡില്‍ രണ്ടാമതും അരുണിന്റെ ബൈക്കിനു കുറുകെ കാര്‍ കയറ്റി നിര്‍ത്തി തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്തുടര്‍ന്ന പ്രതികള്‍ തേക്കട ഭാഗത്തുവച്ച് അമിത വേഗതയില്‍ കാറോടിച്ചു വന്ന് അഖില്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതോടെ ബൈക്കില്‍ നിന്നും തെറിച്ചുവീണ് അഖിലിന് സാരമായി പരിക്കേറ്റു.
തുടര്‍ന്ന്, വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന്റെ മൊഴി രേഖപ്പെടുത്തി വധശ്രമത്തിന് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് വിദഗ്ധമായാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.