കൊച്ചി: തൊഴിൽ നൈപുണ്യ വികസനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളുമായി ചേർന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നൈപുണ്യ വികസന ഹബ്ബ് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി തൊഴിൽ ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടത്തിവരുന്ന സ്‌കൈ പദ്ധതിയുടെ ഭാഗമായി കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നടന്ന പ്ലേസ്മെന്റ് ഡ്രൈവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി നൈപുണ്യ മികവുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ കളമശ്ശേരി മണ്ഡലത്തിൽ വനിതകൾക്കും യുവാക്കൾക്കുമായി നൈപുണ്യ പരിശീലന ക്ളാസുകൾ, അസാപ്പ് വഴി പരിശീലനം, ശിൽപശാലകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ സർവ്വേ പ്രകാരം കെ ഡിസ്‌കിൽ രജിസ്റ്റർ ചെയ്ത മണ്ഡലത്തിലെ ഐ.ടി.ഐ യോഗ്യതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികളെയും പങ്കെടുപ്പിച്ചാണ് പ്ലേസ്മെന്റ് ഡ്രൈവ് നടക്കുന്നത്. തൊഴിലാളികളെ കണ്ടെത്തുന്നതിന് ഇത്തരം ഒരു പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ എത്തിയ വ്യവസായിക യൂണിറ്റുകൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിരവധി അഭ്യസ്തവിദ്യരായ വീട്ടമ്മമാരാണ് കേരളത്തിൽ ഉള്ളത്. ഇവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കും. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ ബികോം യോഗ്യതയുള്ള വീട്ടമ്മമാർക്കായി പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സാങ്കേതിക വിദ്യ അതിവേഗം മാറുന്ന കാലഘട്ടത്തിൽ പുതിയ തൊഴിൽ സാധ്യതകൾക്ക് അനുസരിച്ചുള്ള കോഴ്സുകൾ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വരേണ്ടത് അനിവാര്യമാണ്. ഇതിനായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും വ്യവസായ കേന്ദ്രങ്ങളുമായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കളമശ്ശേരി മണ്ഡലത്തിലെ വിവിധ ശാസ്ത്ര -സാങ്കേതിക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവരെ കൂട്ടിയോജിപ്പിച്ച് എം.എൽ.എ പദ്ധതി എന്ന നിലയിലാണ് സ്‌കൈ പദ്ധതി നടപ്പിലാക്കി വരുന്നത്. പ്ലേസ്മെന്റ് ഡ്രൈവിൽ 32 വ്യവസായി യൂണിറ്റുകൾ പങ്കെടുത്തു. മണ്ഡലത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഒപ്പം ഗവ. ഐ.ടി.ഐയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിരുന്നു.
കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ നെഷിദാ സലാം, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ്, മാനേജർ ആർ.രമ, കളമശ്ശേരി ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ പി.കെ രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
Read Also: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കും: ഹൈക്കോടതി