കോട്ടയം: വാഹനമിടിച്ച് രണ്ടു പേർ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി.
പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ലൈസൻസ് റദ്ദാക്കുക. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.
കെ എം മാണി ഓടിച്ച ഇന്നോവയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതിയുടെ അറസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതിയെ ജാമ്യത്തിൽ വിട്ടു. സ്‌കൂട്ടർ യാത്രക്കാരായിരുന്ന കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഉടമ ജോസ് കെ മാണിയുടെ സഹോദരി ഭർത്താവാണ്.