കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മുഴുവൻ സമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും സ്ഥലത്ത് പോലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും തീരുമാനം. തീപിടിത്തത്തെ തുടർന്ന് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് തീരുമാനം. കോർപ്പറേഷനാണ് ഫയർ വാച്ചേഴ്സിനെ നിയോഗിക്കാനുള്ള ചുമതല. ബ്രഹ്മപുരത്തെ മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും.
Read Also: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു: നാല്‍പത്തി അഞ്ചുകാരന്‍ പോലീസ് പിടിയില്‍
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഹരിത കേരളം മിഷൻ, കുടുംബശ്രീ, ആരോഗ്യം, കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ബ്രഹ്മപുരത്ത് ജാഗ്രത തുടരുകയാണെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ ഫയർ ആന്റ് റസ്‌ക്യൂ സേനാംഗങ്ങൾ ഇപ്പോഴും ബ്രഹ്മപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ചെറിയൊരു തീപിടിത്തമുണ്ടായാലും തീ അണയ്ക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. തീപിടിത്തമുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ഫയർ ആന്റ് റെസ്‌ക്യൂ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ ഓരോ വീടും കയറി ആരോഗ്യ സർവേ പുരോഗമിക്കുകയാണ്. സർവേയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ ചികിത്സ ആവശ്യമുള്ളവരോട് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്താൻ നിർദേശിക്കും. ടെലിഫോൺ വഴിയും സേവനം ലഭ്യമാക്കും.
ഫയർ ഉദ്യോഗസ്ഥർക്കായി കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽ ക്യാംപ് ഒരുക്കിയിട്ടുണ്ട്. തീ അണച്ച ശേഷം മറ്റു ജില്ലകളിലേക്ക് മടങ്ങി പോയ ഫയർ ഉദ്യോഗസ്ഥർക്ക് അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസ് വഴി ആരോഗ്യ പരിരക്ഷയും തുടർ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട് തീ അണയ്ക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് ലഭ്യമാക്കും. ജില്ലയിൽ 14 മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തുടർ പരിശോധനയും ഉറപ്പാക്കിയിട്ടുണ്ട്. എസ്‌കവേറ്റർ ഡ്രൈവർമാർ, സിവിൽ ഡിഫൻസ്, കോർപ്പറേഷൻ ജീവനക്കാർ എന്നിവർക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കും. ബ്രഹ്മപുരത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും നിർദേശം നൽകി.
തദ്ദേശ വാസികളുടെ ആശങ്ക അകറ്റുന്നതിനായി മാർച്ച് 17 ന് മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തും.
മലിനീകരണ നിയന്ത്രണ ബോർഡ് ബ്രഹ്മപുരത്തെ വായു, വെള്ളം, മണ്ണ് എന്നിവയുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കും.
ഭാവിയിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ കരുതൽ നടപടികളും എംപവേഡ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കും. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നതിന് കമ്മിറ്റി കർശന നിരീക്ഷണം നടത്തും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികൾ ആറു മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിന്റെ ദൈനംദിന അവലോകനവും നടത്തുമെന്നും കളക്ടർ പറഞ്ഞു.
Read Also: ബ്രഹ്മപുരം: കേരളം സഹകരിച്ചില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമെന്ന് കെ സുരേന്ദ്രൻ