
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷണർമാരെ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ സമിതിയുടെ ശുപാർശപ്രകാരം രാഷ്ട്രപതി നിയമിക്കണമെന്ന സുപ്രീം കോടതി വിധി സുപ്രധാനമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനുള്ള അധികാരം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള വിധിയാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
തെരഞ്ഞടുപ്പ് കമ്മീഷൻ ഭരണനിർവഹണവിഭാഗത്തിന്റെ സ്വാധീനത്തിൽ നിന്നും പൂർണമായും മുക്തരാകണമെന്നും വിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടർ, ലോക്പാൽ തുടങ്ങിയവരെ നിയമിക്കുന്നത് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും നിയമിക്കണമെന്ന നിലപാട് സിപിഎം കാലങ്ങളായി മുന്നോട്ടുവെച്ചിട്ടുള്ളതാണെന്നും പോളിറ്റ് ബ്യൂറോ കൂട്ടിച്ചേർത്തു.