
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും മണിക്കൂറുകളോളം ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നിയമസഭയിൽ വന്ന് തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് സ്വപ്ന ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ തീയതികൾ പുറത്തു വിടും. തനിച്ചും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെയാണ് സാധിക്കുന്നത്. താൻ പറയുന്ന ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രിയോട് സ്വപ്ന ചോദിക്കുന്നു.