
ദിസ്പൂർ: 10.4 കോടി രൂപ വിലമതിക്കുന്ന ഹെറോയ്ൻ പിടിച്ചെടുത്ത് സുരക്ഷാ സേന. അഗർത്തല സെക്ടർ അസം റൈഫിൾസിന്റെ രാധാനഗർ ബറ്റാലിയനാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. ഇൻസ്പെക്ടർ ജനറൽ അസം റൈഫിൾസിന്റെ നേതൃത്വത്തിലാണ് ലഹരിവേട്ട നടന്നത്. രാധാനഗർ ബറ്റാലിയനിലെ സേനാംഗങ്ങളും കച്ചമുദ്ര പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമാന രീതിയിൽ ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. ഈ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ സുരക്ഷാ സേന തെരച്ചിൽ നടത്തിയത്. സമീപകാലത്ത് പ്രദേശത്ത് നിന്നും കണ്ടെത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിൽ നിന്ന് മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനുമായുള്ള സുരക്ഷാ സേനയുടെ തീവ്രശ്രമങ്ങളുടെ ഭാഗമായി പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.