കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചും വണ്ണം കുറയ്ക്കാം

വണ്ണം കുറയ്ക്കാന്‍ ഇന്ന് പലരും കഠിനമായി ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ വണ്ണം കുറയ്ക്കാനായി പല വഴികളും പരീക്ഷിച്ചു മടുത്തവരുണ്ടാകും. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.

ഡയറ്റിലേക്ക് കടക്കുമ്പോള്‍ പലരും കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന തീരുമാനം എടുക്കാറുണ്ട്. അത്തരത്തില്‍ ചോറ് ഉള്‍പ്പെടെയുള്ള കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ വിശപ്പ് ശമിപ്പിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ഓട്‌സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഓട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

രണ്ട്…

ബാര്‍ലി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ബാര്‍ലി. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, അയേണ്‍, മഗ്‌നീഷ്യം തുടങ്ങിയവയും ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.

മൂന്ന്…

പോപ്കോണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോകോണില്‍ കലോറിയുടെ അളവ് കുറവാണ്. അതുപോലെ തന്നെ ഫൈബറിനാല്‍ സമ്പന്നവുമാണ് പോപ്‌കോണ്‍. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോപ്‌കോണ്‍ കഴിക്കാം. എന്നാല്‍ പാകം ചെയ്യുമ്പോള്‍ ഇതിലേയ്ക്ക് ഒരുപാട് ബട്ടറോ, മധുരമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൃത്രിമ പദാര്‍ത്ഥങ്ങളോ ചേര്‍ക്കരുത്. ഉപ്പോ മധുരമോ ബട്ടറോ ക്യാരമല്ലോ അടങ്ങിയിട്ടില്ലാത്ത പോപ്‌കോണ്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

നാല്…

നേന്ത്രപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യവും വിറ്റാമിനുകളും അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 90 കലോറി മാത്രമേ ഒരു പഴത്തില്‍ അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Previous Post Next Post

نموذج الاتصال